ന്യൂഡൽഹി: ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ ലോക്സഭ പാസാക്കി. ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം, വ്യാവസായിക തൊഴിൽ, വ്യാവസായിക തർക്കങ്ങൾ എന്നിവയെ സംബന്ധിക്കുന്ന 1926ലെ ട്രേഡ് യൂണിയനുകളുടെ നിയമം, 1946ലെ വ്യാവസായിക തൊഴിൽ (സ്റ്റാൻഡിംഗ് ഓർഡേഴ്സ്), 1947ലെ വ്യാവസായിക തർക്ക നിയമം എന്നീ മൂന്നു പ്രധാന തൊഴിൽനിയമങ്ങൾ പുനഃസ്ഥാപിക്കുന്ന പുതിയ ബിൽ ശക്തമായ ഭരണപക്ഷ-പ്രതിപക്ഷ വാഗ്വാദങ്ങൾക്കുശേഷമാണ് ലോക്സഭ കടന്നത്. പുതിയ ബില്ലിനെ ചരിത്രപരമായ പരിഷ്കാരമെന്നു ഭരണപക്ഷം വിശേഷിപ്പിച്ചപ്പോൾ തൊഴിലാളിവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ബിൽ പൂർണമായും പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
2020ൽ പ്രാബല്യത്തിലായ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ. 2020ൽ നിലവിൽ വന്ന നിയമപ്രകാരംതന്നെ ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം, വ്യാവസായിക തൊഴിൽ, വ്യാവസായിക തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതാണെങ്കിലും നിയമങ്ങൾ പിൻവലിക്കാനുള്ള അധികാരം എക്സിക്യൂട്ടീവിൽ നിക്ഷിപ്തമാണെന്നുള്ള തെറ്റായ വ്യാഖ്യാനത്തിൽനിന്നുണ്ടാകുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാൻ ഭേദഗതി ആവശ്യമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
അതേസമയം കേരളത്തിൽനിന്നുള്ള എംപിമാരടക്കം ബില്ലിനെ എതിർത്തപ്പോൾ ഭേദഗതികൾ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയുള്ളതാണെന്നാണ് ഭരണമുന്നണി വിശദീകരിക്കുന്നത്. 300 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലുകൾക്ക് അനുമതി വേണ്ടെന്ന വ്യവസ്ഥ ഭൂരിഭാഗം തൊഴിലാളികളെയും സംരക്ഷണവലയത്തിനു പുറത്താക്കുന്നതാണെന്നു വ്യക്തമാക്കിയ കോണ്ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, ഭേദഗതി തൊഴിലാളികൾ നൂറ്റാണ്ടുകളായി നേടിയെടുത്ത നിയമപരമായ സംരക്ഷണങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി. തന്റെ പാർട്ടി വ്യാവസായിക വളർച്ചയോട് അനുകൂലമാണെങ്കിലും തൊഴിലാളികളുടെ അന്തസ്, നീതി, അവകാശങ്ങൾ എന്നിവയോടും അനുകൂല സമീപനം സ്വീകരിക്കുന്ന പാർട്ടിയാണെന്നും തീരുമാനം പുനർവിചിന്തനം ചെയ്യണമെന്നും എൻസിപി (എസ്പി) എംപി സുപ്രിയ സുലെ ആവശ്യപ്പെട്ടു.
സിപിഎം എംപി കെ. രാധാകൃഷ്ണൻ ബില്ലിനെ ശക്തമായി എതിർത്തു. ഹയർ ആൻഡ് ഫെയർ നടപടികളിൽ തൊഴിലുടമകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിലൂടെ തൊഴിൽസുരക്ഷ കുറയാനുള്ള സാധ്യതയുണ്ടെന്നും ലേഓഫ് പ്രഖ്യാപനങ്ങൾ ശിഥിലമാക്കുന്നതിലൂടെ തൊഴിലാളികളുടെ അനിശ്ചിതത്വം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ അടിസ്ഥാന ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന ബിൽ പൂർണമായും പിൻവലിക്കണമെന്നാണ് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന ചരിത്രപരമായ പരിഷ്കാരങ്ങളെന്നാണ് ഭേദഗതിയെ ബിജെപി എംപിമാരും വിവിധ എൻഡിഎ സഖ്യകക്ഷികളും വിശേഷിപ്പിച്ചത്.